"വരയിലേയും വാക്കിലെയും സ്നേഹവർണ്ണം.....!!! (മുസാഫിർ കാരിക്കേച്ചർ പ്രദർശനം)
ഒരു കുഞ്ഞുജീവന്റെ ഭാവിക്ക് ഒരിത്തിരി മരുന്നിന് 18 കോടി രൂപയെന്ന് കേട്ടപ്പോൾ ഒരുക്ഷേ ആദ്യം എല്ലാവരും പകച്ചു കാണും. എന്നാൽ, ലോകമലയാളികളുടെ ഐക്യബോധമുണർന്നപ്പോൾ പ്രതീക്ഷ നാമ്പിട്ടത് മുഹമ്മദ് എന്ന കുഞ്ഞുമുഖത്ത് മാത്രമായിരുന്നില്ല, മലയാളക്കരയാകമാനമായിരുന്നു. ഈ തുകയ്ക്കും മരുന്നിനും വേണ്ടി കലാ-സാമൂഹ്യ-സംസ്കാരിക തലത്തിലെ ഒരുപാട് പേർ ശ്രമിച്ചപ്പോൾ വേറിട്ടുനിന്നതും കേരളം കാതോർത്തതും മുസാഫിർ എന്ന കണ്ണൂർക്കാരന്റെ വാക്കുകൾക്കായിരുന്നു. സാമാന്യ പൊതുസമൂഹത്തിൽ ഉടലെടുത്ത സംശയങ്ങൾ ദുരീകരിച്ചും മരുന്നിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുമുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയെന്നതാണ് വസ്തുത. ...